03:17am 16 July 2026
NEWS
സോളാർ കേസ്: ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി
15/07/2026  03:35 PM IST
സോളാർ കേസ്: ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മുൻ പേഴ്സണൽ അസിസ്റ്റന്റായിരുന്ന ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകി. മല്ലേലിൽ ശ്രീധരൻ നായർ നൽകിയ പരാതിയെ തുടർന്നുള്ള കേസിലാണ് ഈ നിർണായക നടപടി. കേസിൽ മൂന്നാം പ്രതിയായിരുന്ന ടെന്നി ജോപ്പനെതിരെ, സരിത എസ്. നായർക്ക് പണം നൽകാൻ സമ്മർദം ചെലുത്തിയെന്നായിരുന്നു മല്ലേലിൽ ശ്രീധരൻ നായരുടെ ആരോപണം. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ജോപ്പനെ പ്രതിചേർത്തത്. സോളാർ കേസിൽ ഉമ്മൻചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏക വ്യക്തിയും ടെന്നി ജോപ്പനായിരുന്നു.

എന്നാൽ, ജോപ്പനെതിരായ കേസ് തുടരാൻ താൽപര്യമില്ലെന്നും വിഷയം കോടതിക്ക് പുറത്തുവെച്ച് ഒത്തുതീർപ്പാക്കിയെന്നും ശ്രീധരൻ നായർ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെയാണ് ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ കോടതി അനുമതി നൽകിയത്. പത്തനംതിട്ട കോന്നി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ ആരംഭിച്ചിരുന്നില്ല. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജോപ്പൻ ഹൈക്കോടതിയെ സമീപിച്ചത്.

13 വർഷമായി താനും കുടുംബവും അനുഭവിച്ച വേദനയ്ക്ക് ഇതോടെ അറുതിയായെന്ന് വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച ടെന്നി ജോപ്പൻ പറഞ്ഞു. ദൈവത്തോട് നന്ദി പറയുന്നുവെന്നും, ഉമ്മൻചാണ്ടിയെ ലക്ഷ്യമിട്ടാണ് തന്നെ കേസിൽ കുടുക്കിയതെന്നും അദ്ദേഹം ആരോപിച്ചു. അറസ്റ്റിന് മുമ്പ് ചോദ്യം ചെയ്യലിനായി വിളിച്ചപ്പോൾ അന്നത്തെ ഐജി ഹേമചന്ദ്രൻ തന്നെ മർദിച്ചിരുന്നുവെന്നും, യഥാർത്ഥ ശത്രുക്കൾ പുറത്തല്ല, സ്വന്തം കൂട്ടത്തിനുള്ളിലായിരുന്നുവെന്നും ജോപ്പൻ പറഞ്ഞു. ഹൈക്കോടതിയുടെ തീരുമാനം ഉമ്മൻചാണ്ടിയുടെ സ്മരണയ്ക്ക് സമർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്നെ കേസിൽ കുടുക്കിയവർ ഇപ്പോൾ സന്തോഷിക്കട്ടെയെന്നും, എന്നാൽ ആരുടെയും പേര് പരാമർശിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ജോപ്പൻ പറഞ്ഞു. നിലവിൽ പെൻഷൻ ലഭിച്ചിട്ടില്ലെന്നും, അതിനായി പുതിയ സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img